05:09am 13 November 2026
NEWS
പ്രേമചന്ദ്രന്റെ മകനെ ഷിബു ബേബിജോൺ അവ​ഗണിച്ചു; ആർഎസ്പി നേതാവ് പാർട്ടിവിട്ടു
02/03/2026  04:17 PM IST
nila
പ്രേമചന്ദ്രന്റെ മകനെ ഷിബു ബേബിജോൺ അവ​ഗണിച്ചു; ആർഎസ്പി നേതാവ് പാർട്ടിവിട്ടു

കൊല്ലം: സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ ആർഎസ്പിയിൽ ഉൾപ്പാർട്ടി തർക്കം രൂക്ഷമാകുന്നു. സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാർട്ടി വിട്ടു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളിൽ കടുത്ത പ്രതിഷേധം ഉയർത്തിയതിനു പിന്നാലെയാണ് രാജി. ഇരവിപുരം മണ്ഡലത്തിൽ ഷിബു ബേബി ജോൺ ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചുവെന്നാണ് സജി ഡി ആനന്ദിന്റെ ആരോപണം.

എല്ലാ കമ്മിറ്റികളിലും കാർത്തിക് പ്രേമചന്ദ്രന് ഭൂരിപക്ഷ പിന്തുണ ഉണ്ടായിരുന്നിട്ടും അത് അംഗീകരിക്കാതെയാണ് നേതൃത്വം മുന്നോട്ട് പോയതെന്ന് സജി വ്യക്തമാക്കി. എൻ കെ പ്രേമചന്ദ്രൻ എംപിയുടെ മകനായ കാർത്തിക് പ്രേമചന്ദ്രനെ അവഗണിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കിടെ ആർഎസ്പി ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദും രാജിവെച്ചിരുന്നു. ചവറ സ്വദേശിയും ആർവൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ വിഷ്ണു മോഹനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കമാണ് പാർട്ടിക്കുള്ളിൽ ശക്തമായ ഭിന്നതയ്ക്ക് വഴിവെച്ചത്.

ഇരവിപുരത്ത് കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നെങ്കിലും ഷിബു ബേബി ജോൺ പക്ഷം അതിനെ ശക്തമായി എതിർത്തു. കാർത്തിക്കിനെ സ്ഥാനാർത്ഥിയാക്കിയാൽ പാർട്ടി വിടുമെന്നായിരുന്നു ഷിബു ബേബി ജോണിന്റെ നിലപാട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷ്ണു മോഹനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട ഇരവിപുരം മണ്ഡലം തിരിച്ചുപിടിക്കുകയാണ് ആർഎസ്പിയുടെ ലക്ഷ്യം. എന്നാൽ പാർട്ടിക്കുള്ളിലെ ഈ പൊട്ടിത്തെറി ലക്ഷ്യസാധ്യത്തിന് തടസ്സമാകുമോ എന്ന ആശങ്ക യുഡിഎഫ് നേതാക്കളടക്കം ഉയർത്തുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img